യുദ്ധത്തിൻ്റെ നടുവിൽ
ഞങ്ങൾ യുദ്ധത്തിൻ്റെ
നടുവിലാണ്,
ഞങ്ങൾ ആരംഭിക്കാത്ത
ഞങ്ങൾക്ക് വേണ്ടാത്ത
യുദ്ധത്തിൻ്റെ നടുവിൽ.
പറവകളുടെ പാട്ടുകളും
നക്ഷത്രങ്ങളുടെ നിലാവുമില്ലാതെ
ഞങ്ങളുടെ ആകാശത്ത്
അശാന്തി മുരളുന്നു.
ഞങ്ങളുടെ സ്വപ്നങ്ങളും
സന്ധ്യകളും ചുട്ടെരിച്ചിട്ട്,
ഞങ്ങളുടെ പ്രാണനും
പ്രണയവും ഇല്ലാതാക്കിയിട്ട്,
ആരോടാണ് നിങ്ങളീ
പ്രാന്ത് കാണിക്കുന്നത്?
ആരോടാണ് നിങ്ങളീ
പക പോക്കുന്നത്?
ഞങ്ങളുടെ വീടുകൾ
വിസ്‌മൃതിയിലാക്കിയിട്ട്,
ഞങ്ങളുടെ മനുഷ്യരെ
മരണത്തിന് കൊടുത്തിട്ട്,
ഞങ്ങളുടെ കുട്ടികളെ
കൊന്നിട്ട്,
ആരോടാണ് നിങ്ങൾ
യുദ്ധം ചെയ്യുന്നത്?
ആർക്ക് വേണ്ടിയാണ്
നിങ്ങൾ യുദ്ധം ചെയ്യുന്നത്?
നിങ്ങൾക്കും നിങ്ങളുടെ
മനുഷ്യർക്കും വേണ്ടിയാണ്
ഈ യുദ്ധമെന്ന് പറയരുത്.
മനുഷ്യർക്ക് വേണ്ടിയാരും
ഇന്നോളം മനുഷ്യരോട്
യുദ്ധം ചെയ്തിട്ടില്ല.
മനുഷ്യരെന്നാൽ നിങ്ങളും
ഞങ്ങളും കൂടി ചേർന്നതാണ്.
മനുഷ്യനും മനുഷ്യത്വത്തിനും
എതിരാണ് എല്ലാക്കാലവും
യുദ്ധം.
എന്നിട്ടുമിന്നും ഞങ്ങൾ
യുദ്ധത്തിൻ്റെ നടുവിലാണ്,
ഞങ്ങൾ ആരംഭിക്കാത്ത
ഞങ്ങൾക്ക് വേണ്ടാത്ത
യുദ്ധത്തിൻ്റെ നടുവിൽ.
