സാൻഡ്‌വിച്ച്
എന്റെയീ സാൻവിച്ചിനെയാണ്
നിങ്ങൾ പൊരിച്ച മുട്ടബ്രെഡെന്ന്
പറഞ്ഞ് കവിതയെഴുതിയത്.
മേശമേൽ കഴിക്കാനിരുന്ന
അയാളോട് അവൾ പരിഭവം പറഞ്ഞു.
അതിനെ ഒന്ന് പാളിനോക്കിയിട്ട്
അയാൾ പറഞ്ഞു
ശരിയാണ്, ഇത് പൊരിച്ച മുട്ടബ്രെഡല്ല.
പിന്നെ! അവൾ സംശയത്തിന്റെ
പുരികമുയർത്തി.
ഒരു ചിരിയോടെ അയാൾ
പറഞ്ഞുതുടങ്ങി,
ഇതിൽ പ്രാണനുറങ്ങുന്ന മുട്ടയുണ്ട്,
നാം കോർത്ത ചുണ്ടുകളുടെ
കടുംചുവപ്പിന്റെ കെച്ചപ്പുണ്ട്.
നമ്മൾ കടന്നുവന്ന വഴികളുടെ
മുറിപ്പാടുകളെ ഓർമ്മിപ്പിക്കുന്ന ഉപ്പും,
എന്റെയും നിന്റെയും കോപത്തിന്റെ
ചില്ലി ഫ്ലേക്സുമുണ്ട്.
അവളുടെ കണ്ണുകളിൽ
ഭാവങ്ങൾ മിന്നിമറഞ്ഞു.
ഇനിയുമെനിക്കറിയാത്ത
നിന്റെയീ പലവിധ ഭാവങ്ങളുടെ
മിക്സഡ് ഹെർബ്സുണ്ട്.
നമ്മുടെ കൺമണിയുടെ
കവിളിന്റെ വെണ്ണയും,
ഈ രണ്ട് ബ്രെഡുകളെ ചേർത്ത്
നിർത്തുവാൻ തക്ക കട്ടിക്ക്
സ്നേഹത്തിന്റെ ചീസുമുണ്ടിതിൽ.
പിന്നെ —
തള്ള് മതി, അവൾ ചിരിച്ചു.
നിങ്ങളിതിനെ പൊരിച്ച മുട്ടബ്രെഡെന്ന്
തന്നെ വിളിച്ചാൽ മതി.
