കുത്തികുറിക്കലുകൾ

Scribbles · 63

ചങ്ങാതി

ഒറ്റക്കുള്ള ജീവിതം വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാവാം ദൈവം ഭൂമിയിൽ ക്രിസ്തുവായും കൃഷ്ണനായും, നീയായുമൊക്കെ പിന്നെയും പിന്നെയും അവതരിക്കുന്നത്.

ഒറ്റക്കായിപ്പോയവരുടെ ചങ്ങാതിയാകുക എന്നതല്ലാതെ വേറെയെന്താണ് ദൈവനിയോഗം.

റാന്തൽ

ഞാൻ പോകുമ്പോൾ
ഒരു റാന്തൽ കെടാതെ
ഉമ്മറത്ത് തൂക്കിയിടാം.
വൈകുന്നേരങ്ങളിൽ അത്
കാണുമ്പോൾ നീ ഒറ്റക്കല്ലന്ന്
ഓർത്ത്കൊള്ളുക.

ചിറകുകൾ

ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.

പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.

കോറോണകാലം

ഈ കോറോണകാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടപ്പോൾ, ആചാരങ്ങളെ മാറ്റിവെച്ചപ്പോൾ നാം നമ്മോട് തന്നെ പറയുന്നൊരു സത്യമുണ്ട്.

ദൈവങ്ങളേക്കാൾ മനുഷ്യർക്ക് ആവശ്യം മനുഷ്യരെത്തന്നെയാണെന്നുള്ള സത്യം. മറക്കാതെയിരിക്കട്ടെ നാം ഇനിയൊരിക്കലുമത്.

പുതുശബ്ദമാകുക

ആളൊഴിഞ്ഞ നടപ്പാതകളും നിശബ്ദ്ധമായ കളിക്കളങ്ങളും തിരക്കില്ലാത്ത വീഥികളും ഈ കോറോണക്കാലത്ത് എന്നെ ഭയപ്പെടുത്തുന്നു.

പക്ഷേ അപ്പോൾത്തന്നെ എതിർവശത്തെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് കുട്ടികളുടെ ആരവങ്ങൾ ഉയരുമ്പോൾ, എല്ലാ ആപത്തുകാലങ്ങളെപ്പോലെ ഈ കോറോണക്കാലവും നാം കീഴടക്കുമെന്ന് അവർ പറയുന്നുണ്ടെന്ന് തോന്നുന്നു.

പ്രതീക്ഷയുടെ പുതുശബ്ദമാകുക നമ്മൾ പരസ്‌പരം.

മുറിവുകൾ

നീ നിൻ്റെ മുറിവുകളിൽ സൂക്ഷിച്ച് നോക്കുക, അവിടെ നിനക്ക് നിന്നിലെ യോദ്ധാവിനെ കാണാൻ കഴിയും.

നീ അവയിൽ ചുംബിക്കുക, ഇനിയും നിനക്ക് മുന്നോട്ട് കുതിക്കാനുള്ള കരുത്ത് തരും അവ.

കണ്ണുകൾ ഉയർത്തി നീ മുന്നോട്ട് പോകുക.

മുറിവുകൾ

നീ തന്ന മുറിവുകളിൽ
പൂക്കൾ വിരിയുമ്പോഴും,
നിന്റെ ഗന്ധമായിരിക്കും.

പുനർജ്ജനിക്കാറുമുണ്ട്

ഓർമ്മകളിൽ ഇപ്പോഴും ഞാൻ വീണ്ടും വീണ്ടും വേദനിക്കാറുണ്ട്, നീറി നീറി മരിക്കാറുണ്ട്.

പക്ഷേ പിന്നെയും പിന്നെയും പുനർജ്ജനിക്കാറുമുണ്ട്.

ചോദ്യങ്ങൾ

ഏറ്റവും ഇഷ്ടമുള്ളതെന്താണ് ?

എൻ്റെ ഏകാന്തതകൾ, എൻ്റെ ചെടികൾ.
എൻ്റെ നിറങ്ങൾ, എൻ്റെ വരികൾ.
എൻ്റെ തവിട്ട് നിറമുള്ള കണ്ണുകൾ,
എന്നെത്തന്നെ.

അടുക്കള

ലോകം കാണാൻ ഇറങ്ങുമ്പോൾ
അടുക്കളയിൽ അമ്മയുണ്ടെന്ന്
മറന്ന് പോകരുത് നീ.
അവരുടെ ലോകം നീ മാത്രമായി
ചുരുങ്ങിയത് ഓർത്ത് കൊള്ളുക.

പ്രണയനക്ഷത്രം

ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. കറുത്ത ആകാശത്തേക്ക് വിരൽച്ചൂണ്ടി ആ ഒറ്റനക്ഷത്രം ഏതാണെന്ന് നീ ചോദിക്കുമ്പോൾ, അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന് ഞാൻ പറയും. അത് കേൾക്കുമ്പോൾ തന്നെ എന്തൊരു തള്ളാ മനുഷ്യാ നിങ്ങളെന്ന് പറഞ്ഞു നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം.

ഇങ്ങനെ നീയരികിൽ ഇല്ലാത്തപ്പോഴൊക്കെ നിന്നെയോർക്കുന്നതല്ലേ പ്രണയം.

വിട

പ്രിയപ്പെട്ട 2019 ന്

വിട പറയുന്നു ഞാൻ, ഇനി നീ എന്റെ ഓർമ്മകളിൽ ജീവിക്കുക. നീ തന്ന ചിറകുകൾക്കും മുറിവുകൾക്കും നിറയെ സ്നേഹം ഞാൻ പകരം തരുന്നു.

ഇനിയൊരു കണ്ടമുട്ടൽ ഇല്ലറിഞ്ഞ് കൊണ്ട് തന്നെ എല്ലാത്തിനും ഒരു ചുംബനം തന്ന് കൊണ്ട് ഞാൻ യാത്ര പറയുന്നു.

ഇട്ടൂലിക്കളി

ഇട്ടൂലിക്കളിയിൽ ജയിക്കാൻ ചൂട് ഇഷ്ട്ടപ്പെട്ടിരുന്ന ബാല്യത്തിൽ നിന്ന് ജീവിതച്ചൂടിൽ ജയിക്കാൻ ഒരിറ്റ് തണുപ്പ് തിരയുന്ന യൗവ്വനത്തിലേക്ക് മാറിയിരിക്കുന്നു എൻെറ ജീവിതം.

ഗന്ധം

ഉറങ്ങി ഉറങ്ങി ഞാൻ കണ്ട
സ്വപ്നങ്ങളേക്കാൾ
ഉറക്കമിളച്ച് ഞാൻ ചുംബിച്ച
ഓർമ്മകൾക്കാണ്
അവളുടെ ഗന്ധമുള്ളത്.

മാറ്റം

മാറ്റം!
ചിലപ്പോൾ കൊതിപ്പിക്കുകയും
ചിലപ്പോൾ കരയിപ്പിക്കുകയും
ചെയ്യുന്ന മായാജാലം.