ദൂരെയെവിടെയോ

3 നവംബർ 2026

ദൂരെയെവിടുന്നോ വീട്ടിലേക്ക്
തിരികെ വന്നതാണ് ഞാൻ.
“ടി…ഒരു ചായ എടുക്ക്, മൂത്തോൻ വന്നു.”
എന്നെ കണ്ടതും അപ്പൻ
അടുക്കളയിലോട്ട് വിളിച്ചുപറഞ്ഞു.
ചിത്രമുറിയിലിരുന്ന്
അപ്പനാരെയോ വരക്കുവാണ്.
വരയും കൈയും നോക്കിനിന്ന
എന്നെ നോക്കി,
“നിന്റെ എഴുത്തുകളും അവന്റെ വീഡിയോകളും
ഞാൻ കാണാറുണ്ട്, നന്നാകുന്നുണ്ട് രണ്ടും.”
അപ്പന്റെ വരകളോളം
ഭംഗിയില്ല ഞങ്ങളുടെ പരുപാടിക്കെന്ന്
ചിരിച്ചോണ്ട് ഞാൻ മറുപടിപറഞ്ഞു.
“ഇതിലും നന്നാകും”
വര തുടരുന്നതിനിടയിൽ മറുപടിയെത്തി.
മുറിയിൽ പെയിന്റിന്റെ മണം.
ദൂരെയെവിടെയോ ആണ് ഞാൻ.