കോളേജ്

15 നവംബർ 2026

എന്താണ് കോളേജ്?
ആദ്യം കണ്ട മരം മൂടിയ
വിശാലമായ ഓഡിറ്റോറിയമാണോ?
അതോ ചാരിയിരിക്കാനും
ബസ്സ് കാത്തുനിൽക്കാനും
പറ്റിയ തണലിടങ്ങളോ?
ചുവന്ന കെട്ടിടങ്ങളിലേക്ക്
നയിക്കുന്ന ടാറിട്ട റോഡുകളോ,
നീണ്ടുകിടക്കുന്ന വരാന്തകളുള്ള
പുസ്തകശാലകളാണോ?
ഉറക്കത്തിന്റെയും ഉണർവിന്റെയും
ഇടയിലെങ്ങനെ അധ്യാപകരെ
കാണാമെന്ന് പഠിപ്പിച്ച
ക്ലാസ്സ്‌മുറികളോ?
വടയാണോ ചായയാണോ
മോശമെന്ന് മനസ്സിലാവാത്ത
കാന്റീനോ?
കോളേജെന്നാൽ നിങ്ങളാണ്,
ഉത്സവപ്പറമ്പിലെന്നപോലെ
ജീവിതത്തിൽ കുടമാറ്റം നടത്തുന്ന
കൂട്ടുകാർ.