ശനിയാഴ്ചകൾ

1 നവംബർ 2026

ചില ശനിയാഴ്ചകളിൽ
നമുക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ
ചുവന്ന സ്‌പീക്കറിൽ പതിയെ പൊഴിയുന്നുണ്ടാവും.
മനോഹരമായൊരു ആഴ്ചാവസാനം
ഒത്തിരി പണികളുണ്ടെങ്കിലും
ഒന്നും ചെയ്യാതെ ഞാനന്നേരം വെറുതെയിരിക്കും.
പാട്ടെന്നിൽ പടരുമ്പോൾ
ഞാൻ നിന്നിലേക്ക് തിരിയും,
കറുത്ത സൂര്യനെപ്പോലുള്ള
നിന്റെ കണ്ണുകളിലോട്ട് നോക്കി,
ഉലഞ്ഞു കിടക്കുന്ന മുടിയിഴകൾ ഒതുക്കിവെച്ച്,
നിന്റെ ചുണ്ടുകളെ ഞാൻ നനയ്ക്കും.
നനഞ്ഞ ചുണ്ടുകൾക്ക് ചൂട് പകരാനായി
നാം അടുക്കളയിലെതും,
ആവിയുള്ള ഏലയ്ക്കാച്ചായക്കൊപ്പം
അടുക്കളത്തറയിൽ നാമിരുവരും പ്രണയത്തിലാഴും.
ഊറ്റിക്കളഞ്ഞ തേയിലപ്പൊടിപോലെ
തളർന്നു പോയ നമ്മളെയന്നേരം
നിന്റെ ചപ്പാത്തികൾ തിരികെ കൊണ്ടുവരും.
ശേഷം,
നമ്മുടെ കണ്മണിയുറങ്ങുമ്പോൾ
എന്റെയേറ്റവും പ്രിയപ്പെട്ട മേശയ്ക്കരികിലിരുന്ന്
ഞാൻ നമ്മളെക്കുറിച്ചൊരു കവിതയെഴുതും.