ജോർജ്ജിയ

22 ഒക്ടോബർ 2026

നന്ദി ജോർജ്ജിയ,
ആദ്യമായി കണ്ടുമുട്ടിയിട്ടും
നിന്റെ മലഞ്ചെരുവിലെവിടെയോ
കഴിഞ്ഞിരുന്ന പ്രിയപ്പെട്ടവനെ
കണക്കെയെന്നെ സ്വീകരിച്ചതിന്,
പോയകാലത്തിന്റെ കഥകളുറങ്ങുന്ന
നിന്റെ കൽപ്പാതകളിലും കോട്ടകളിലും
കാറ്റിനെയെനിക്ക് കൂട്ട് വിട്ടതിന്,
കസ്ബെഗിയിലെ ഹിമപർവ്വതങ്ങളുടെ
നെറുകയിൽവെച്ചെന്നെ
ആകാശം തൊടീച്ചതിന്,
നിന്റേത് മാത്രമായ ഖിങ്കാലി
കടിച്ച് ചാറുകുടിക്കുന്നതെങ്ങനെയെന്ന്
കാണിച്ചുതന്നതിന്,
നിന്റെ മടിത്തട്ടിൽ പിറന്ന
ചാച്ചയുടെ തീലഹരി
“ഗൗമാർജോസ്” എന്നുപറഞ്ഞെനിക്ക്
വെച്ചുനീട്ടിയതിന്,
ചുംബനം സാകർത്തവേലോ.