അവളും ഞാനും കവിതകളും · ബിനോ കൊച്ചുമോൾ വർഗ്ഗീസ്

അവളും ഞാനും കവിതകളും, ബിനോ കൊച്ചുമോൾ വർഗ്ഗീസ്

നിങ്ങൾക്ക്

അപ്പക്കും, അമ്മക്കും, അനിയനും, പ്രിയപ്പെട്ടവൾക്കും, മകൾക്കും,
പിന്നെ എഴുതുന്നത് ഒന്നും പാഴായിപ്പോയില്ല എന്ന് ഓർമ്മിപ്പിക്കുന്ന നിനക്കും ഈ പുസ്‌തകം സമർപ്പിക്കുന്നു.

നീ

4 എഴുത്തുകൾ

നീ

നീ

അന്ന് കണ്ടുമുട്ടിയപ്പോൾ തൊട്ട്
മനസ്സിലുള്ള ചോദ്യമാണ്,
ആരാണ് നീ.
സ്കൂളിന്റെ തുരുമ്പുപിടിച്ച ജനാലവഴി
ഒളികണ്ണിട്ട് നോക്കിയപ്പോളാണ്
ആ ചോദ്യമൊരു മിന്നലായി
മനസ്സിൽ വന്നത്.
എന്നോടുള്ള കരുതലിന്റെ
കാണാപ്പുറങ്ങൾ കാണിച്ചുതന്നപ്പോൾ
നീയെനിക്ക് ഏറ്റവും പ്രിയപ്പെട്ട
കൂട്ടുകാരിയായി.
സൗഹൃദത്തിന്റെ അങ്ങേത്തലക്കലെ
നിന്റെ കൈവിരലുകളുടെ സ്പർശനത്തിലാണ്
നീ എന്റെ പ്രണയിനിയാകുന്നത്
ഞാനറിഞ്ഞത്.
ജീവിതവഴിയോരങ്ങളിൽ വീണുപോയപ്പോളെല്ലാം
കൈ പിടിച്ചു ചേർത്ത്
“ഇനിയേറെ ദൂരം പോകാനുണ്ട്” എന്ന്
ചൊല്ലിത്തന്നപ്പോൾ
അമ്മയുടെ മുഖമായിരുന്നു നിനക്ക്.

തുടരും →

നീ (തുടർച്ച)

നീ

എന്റെ ഹൃദയവാതിൽ തുറന്ന്
എന്റേത് മാത്രമായിരുന്ന ആകാശത്തിലേക്ക്
നീ പറന്നുകയറിയപ്പോൾ
നിനക്കെന്റെ തന്നെ മുഖമായിരുന്നു.
ആ മാത്രയിൽ ഞാൻ അറിഞ്ഞിരുന്നു,
എന്റെയുള്ളിൽ നിന്ന് മന്ത്രിക്കുന്ന ശബ്ദം.
നീ…നീ…നീ…
സ്നേഹം.

ആദ്യം കണ്ടത്

നീ

ഒറ്റപ്പെടലാണോ
കവിതയാണോ
ആദ്യം വന്നതെന്ന്
അവർ ചോദിച്ചപ്പോൾ,
ഞാൻ ചിരിച്ചു.
പ്രണയത്തെയാണോ
അവളെയാണോ
ആദ്യം കണ്ടതെന്ന്
അവർ ചോദിച്ചപ്പോൾ,
ഞാൻ വീണ്ടും ചിരിച്ചു.
മിന്നലിനെയാണോ
വെള്ളിവെട്ടത്തെയാണോ
ആദ്യം കണ്ടതെന്ന്
ഇന്നുമെനിക്കറിയില്ല.

മഞ്ഞത്തെരുവ്

നീ

ഇതുവരെയും വഴിപഠിക്കാൻ
കഴിയാത്ത മഞ്ഞത്തെരുവ്
കണക്കെയാണ് നീയെനിക്ക്.
ഇനിയും പിടികിട്ടാത്ത
ഇടവഴികളും, ഇന്നോളം
കണ്ടിട്ടില്ലാത്ത കുറുക്കുവഴികളും
അതിൽ,
പൊടുന്നനെയുള്ള തിരിവുകളും,
പ്രതീക്ഷിക്കാത്ത വഴിയവസാനങ്ങളും!
എങ്കിലും നിന്നിൽ തന്നെയാണല്ലോ
ഞാനിപ്പോഴും വഴി തെറ്റി
നടക്കുന്നതെന്നുള്ള ഓർമ്മയാണ്
എന്നെ മുന്നോട്ട് നടത്തുന്നത്.

ഒരുതരി വെളിച്ചം

നീ

ഇപ്പോളൊന്നും എഴുതാറില്ലേന്ന്
അവളിടക്കിടെ വന്ന് ചോദിക്കും.
എഴുതാനാരോ ഉള്ളിൽക്കിടന്ന്
പിടക്കാറുണ്ടെങ്കിലും കാമ്പില്ലാത്തതെന്ന്
സ്വയം തോന്നലുള്ളത് കൊണ്ട്
മാറ്റി വെയ്ക്കാറാണ് പതിവെന്ന്
മറുപടിപ്പറയും ഞാൻ.
കാലമെപ്പോഴും സമയമനുവദിക്കണമെന്നില്ല,
എന്നവളപ്പോൾ ഓർപ്പിക്കും.
ആ സത്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും
കാലങ്ങൾക്കപ്പുറം ഓർക്കാൻ തക്കതൊന്നും
എഴുതാനില്ലെന്ന് പറഞ്ഞൊഴിയും ഞാനന്നേരം.
ആർക്കും വേണ്ടിയല്ല, അവനവന്റെ
ആത്‌മശാന്തിക്ക് വേണ്ടിയാണെല്ലാം
എഴുതുന്നതെന്ന് പറഞ്ഞിട്ട്,
ഇപ്പോൾ ആശയങ്ങളൊക്കെ
മാറിമറിഞ്ഞോന്നവൾ മറുചോദ്യമെറിയും.
ഞാനെഴുതിയിട്ട് നിനക്കെന്ത് കിട്ടാനാ
പെണ്ണേയെന്ന് ചോദിച്ച് സ്വരം
കടുപ്പിക്കും ഞാനപ്പോൾ.

തുടരും →

ഒരുതരി വെളിച്ചം (തുടർച്ച)

നീ

സദാ വെളിച്ചമെന്ന് പറയുന്നിയാൾക്ക്
ഒരു തിരിനാളത്തിന്റെ കുറവുണ്ടിപ്പോൾ
എന്നവൾ ശാന്തമായി മറുപടിപ്പറയും.
എഴുതണം, ഇനിയുമെഴുതണം
അക്ഷരങ്ങളുടെ വെളിച്ചം നഷ്ടമായിക്കൂടാ
എന്നൂടെപറഞ്ഞിട്ട് അവളെഴുന്നേൽക്കും.
ഞാനൊരു ചായയിടാമെന്ന് പറഞ്ഞ്
അവളന്റെ ചുവന്നബുക്കെടുത്ത്
തന്നിട്ട് അടുക്കളയിലോട്ട് നടക്കും.
ഹാ! വെളിച്ചത്തിനുമിടക്ക് ഒരുതരി
വെളിച്ചം വേണമെന്നല്ലോ
എന്നോർത്തു ഞാനപ്പോൾ ആശ്ചര്യപ്പെട്ടു.

പ്രണയം

4 എഴുത്തുകൾ

ബുദ്ധൻ

പ്രണയം

അവളെ ചുംബിക്കുന്നതിന്റെ
മൂന്നാമത്തെ നിമിഷത്തിൽ
എന്റെ ഉള്ളിലാരോ
ഇങ്ങനെ പറഞ്ഞു.
“ശംഖിന്റെ പുറം കൗതുകങ്ങളിൽ
മനസ്സ് കുടുങ്ങരുത്.
അതിൽ ഓംകാരമുണ്ട്,
ധ്യാനിക്കുക. “
ചുംബനത്തിനിടയിൽത്തന്നെ
ഞാൻ കണ്ണ് തുറന്നു.
അവൾ നിന്നിടം വെളിച്ചം മാത്രം.
അടുത്ത നിമിഷമെനിക്ക്
മനസ്സിലായി, വെളിച്ചത്തെയാണ്
ഞാൻ നുകർന്നത്.
അങ്ങനെ അവളെന്ന വെളിച്ചം
നിറഞ്ഞ ഞാൻ,
ബുദ്ധനായി.

ചാത്തൻ

പ്രണയം

പൂർണചന്ദ്രനതിൻ്റെ പൂർണ്ണതയിൽ
നിൽക്കുമ്പോൾ,
ഇരുട്ടും രക്‌തവും ഇഴപിണഞ്ഞു കിടക്കുന്ന
നിന്റെ മുടിയിഴകൾ
കാറ്റിൽ നൃത്തം ചെയ്യുമ്പോൾ,
നിന്റെ നീലമിഴികളിലേക്ക്
ഞാൻ നോക്കി നിൽക്കെ,
നീയെന്റെ ഞരമ്പുകളിലേക്ക്
ആഴ്ന്നിറങ്ങുക.
നിനക്കപ്പോൾ,
മരണത്തെ മായ കാട്ടിയിരുന്ന
എന്റെ ചാരക്കണ്ണുകളിൽ,
യുഗങ്ങളായി നിന്നോടുള്ള
പ്രണയോന്മാദത്തിന്റെ
മന്ത്രച്ചുഴി കാണാം.
നീലി,
നിൻ്റെ നീലമിഴികളിൽ
അപ്പോളൊരു നിമിഷാർദ്ധം
ഞാൻ നിറയും.
“ചാത്തൻ”,
എന്ന് നീ മന്ത്രിക്കുന്ന നിമിഷം,
നീയറിയാതെ നിന്റെ മുടിയിഴകൾ വീണ്ടും
നൃത്തം ചെയ്യുവാൻ തുടങ്ങും.

ഉള്ളറകൾ

പ്രണയം

നിങ്ങളെ സ്നേഹിച്ചതുകൊണ്ട്മാത്രം
ഹൃദയം തകർന്നവരുടെ
ഉള്ളിലോട്ട് വീണിട്ടുണ്ടോ ?
അവരുടെ വേദനകളുടെ
ഉപ്പുവെള്ളത്തിൽ മുങ്ങിചാകാതെ
സൂക്ഷിക്കണം.
ഉള്ളിലെ ദുഃഖങ്ങളിൽപ്പെട്ട്
ഞെരിഞ്ഞമർന്ന് പോകാതെ
നോക്കുകയും വേണം.
പിന്നെയും അടിയിലോട്ട്
ചെല്ലുമ്പോൾ
അവിടെ ജീവൻ്റെ
തുടിപ്പും മയവും കാണാം,
സ്നേഹത്തിൻ്റെ ഈർപ്പമുള്ളയിടം.
അതിൽ തൊട്ട് നോക്കുക,
ചോര പൊടിയുന്നുണ്ടാവും
ആ അറകളിൽ.
സൂക്ഷിച്ച് നോക്കിയാൽ
നിങ്ങളുടെ പേര് കാണാമവിടെ.
ഓരോ തവണ നിങ്ങൾ
വേദനിപ്പിക്കുമ്പോളും
അവിടെയാണവർ ചുംബിക്കുന്നത്.
ആ ചുംബനങ്ങളിലാണ്
നിങ്ങളോടുള്ള സ്നേഹം
പിന്നെയും പിന്നെയും പൂക്കുന്നത്.

മഞ്ഞപ്പൂക്കൾ

പ്രണയം

നീ തന്ന മുറിവുകളിൽ
ഞാൻ നട്ടത് പൂച്ചെടികളാണ്.
ചോര നനച്ചു വളർത്തിയവയിൽ
പൂക്കൾ വിടരുമ്പോൾ
നിന്റെ തന്നെ ഗന്ധമായിരിക്കും.
ഇനിയെന്റെ മഞ്ഞപ്പൂക്കൾ
കൊഴിയില്ല.
പ്രാണനാണ് ഞാൻ
പകുത്തു കൊടുത്തത്.

കാത്തിരിപ്പ്

4 എഴുത്തുകൾ

പ്രണയനക്ഷത്രം

കാത്തിരിപ്പ്

ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ
നീയെന്റെ തോളിൽ തല ചേർക്കുന്നത്
എനിക്കറിയാൻ കഴിയുന്നുണ്ട്.
കറുത്ത ആകാശത്തേക്ക് വിരൽചൂണ്ടി
ആ ഒറ്റനക്ഷത്രം ഏതാണെന്ന്
നീ ചോദിക്കുമ്പോൾ,
അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന്
ഞാൻ പറയും.
അത് കേൾക്കുമ്പോൾ തന്നെ
“എന്തൊരു തള്ളാ മനുഷ്യാ നിങ്ങൾ!”
എന്ന് പറഞ്ഞ് നീ കളിയാക്കി ചിരിക്കുമെന്നും
എനിക്കറിയാം.
ഇങ്ങനെ നീയരികിൽ ഇല്ലാത്തപ്പോഴൊക്കെ
നിന്നെയോർക്കുന്നതാണോ പ്രണയം?

ഞാനിനിയെന്ത് പറയും

കാത്തിരിപ്പ്

ഞാനിനിയെന്ത് പറയും നിന്നോട്?
കാത്തിരുന്ന വഴികളിലെ വെളുത്ത ലില്ലിപ്പൂക്കൾ
വാടിത്തുടങ്ങിയെന്നോ? അതോ നാം
നനച്ച വള്ളിച്ചെടികൾ വേരറ്റ് പോയെന്നോ!
ഉപ്പുകാറ്റുകൾക്കൊപ്പം കടൽത്തിര വറ്റിപോകുകയും,
ഈ വരണ്ടഭൂമി പിന്നെയും മരുഭൂമിയായെന്നും,
മഞ്ഞപ്പൂക്കൾ വിടർന്നൊരു അടുക്കളത്തളം
വീണ്ടും അനാഥമായെന്നും പറയട്ടെ?
ഏകാന്തത നിറഞ്ഞൊരു മുറിക്കുള്ളിൽ
പിന്നെയും തണുപ്പ് മാത്രമാണെനിക്ക് കൂട്ടെന്നും,
ആൻഡലസ് ഗാർഡനുള്ളിലെ നിബിഡമായ
മരങ്ങൾക്കിടയിലും മനുഷ്യർക്കിടയിലും
ഒരിക്കൽക്കൂടി ഞാനൊരു ഒറ്റയാനായെന്ന്
പറഞ്ഞ് നിർത്തട്ടെ ഞാൻ?
അറിയില്ല ഞാനിനിയെന്ത് പറയണമെന്ന്.
ഹൃദയം വേദനിക്കുന്നുവെന്നും, നാം
പരസ്പരം കണ്ടുമുട്ടാൻ ഇനിയും
കാത്തിരിക്കണമെന്നും നിന്നോട് പറയാൻ
ഇതുവരെയും ഞാൻ ശീലിച്ചിട്ടില്ല.

കെട്ട്കഥ

കാത്തിരിപ്പ്

ഞാൻ അവസാനമെഴുതുന്നത്
നിനക്കുള്ള കവിതയാരിക്കില്ല.
ആരും കേൾക്കാത്ത നമ്മുടെ കഥയാരിക്കും.
എനിക്കുറപ്പുണ്ട്, നീയും ഞാനുമൊന്നിക്കുന്ന
ആ കഥ നമ്മൾ വിശ്വസിക്കുന്നത്പോലെ
ആരും വിശ്വസിക്കില്ല.
എങ്ങനെ വിശ്വസിക്കും, നാമിരുവരും
മഴ നനഞ്ഞപ്പോൾ നീയെന്നിൽ
ഓടിയൊളിച്ചതും, നിൻ്റെ കണ്ണുകളുടെ
ആഴങ്ങളിൽ ഞാൻ വീണുപോയതും
അവരറിഞ്ഞിട്ടില്ലല്ലോ.
അത്കൊണ്ട് ഞാനൊരു കെട്ട്കഥയെഴുതും
മന്ത്രവാദിയുടെ കെണിയിലകപ്പെട്ട രാജകുമാരൻ്റെയും,
വഴികൾ ഒളിപ്പിച്ച കവിതകൾ തേടിയെത്തിയ
രാജകുമാരിയുടെയും കഥ. പായുന്ന
കുതിരമേൽ ഇരുവരും രക്ഷപ്പെടുന്ന
പഴയാ നാടോടികഥയിൽ നാമിരുവരെയും
ഞാൻ വിളക്കിച്ചേർക്കും.
അങ്ങനെ എൻ്റെ കവിതകൾ എന്നിലേക്കുള്ള
വഴി നിനക്ക് പറഞ്ഞ് തന്നെന്നും, നമ്മൾ
കണ്ടുമുട്ടിയെന്നും ഞാൻ അവരെ വിശ്വസിപ്പിക്കും.
അവർക്കും നമുക്കും അറിയില്ലല്ലോ
നാമിതുവരെ കണ്ട്മുട്ടിയിട്ടില്ലാന്ന്.

മഴ

കാത്തിരിപ്പ്

ഇനി നമ്മൾ കാണുമ്പോൾ
ഏറെക്കാലത്തിന് ശേഷം
പെയ്യാൻ കാത്തിരുന്ന
മഴ നിറഞ്ഞ് പെയ്യുമാരിക്കും.
അപ്പോളാ സ്‌കൂൾ വരാന്തയിൽ
ഓടിക്കയറി നിൽക്കണം നമുക്ക്.
നമ്മളെപ്പോലെ തന്നെ
പുതിയ നിറങ്ങൾ വന്നിരിക്കുന്നു,
പഴയാ കെട്ടിടത്തിന്.
ഞാൻ മലയാളം ക്ലാസ്സിന്
പോകുമ്പോളൊക്കെ
നിൻ്റെ കണ്ണുകൾ ഈ
ജനലവഴി, എന്നോട്
എന്തോ പറയുമായിരുന്നു.
മഴ തോർന്ന് നിൽക്കുമ്പോൾ
പണ്ട് നമ്മൾ അകന്ന്
നടന്നിരുന്ന,
പള്ളിയുടെ അരികിലൂടെ
ചേർന്ന് നടക്കാമിനി.

തുടരും →

മഴ (തുടർച്ച)

കാത്തിരിപ്പ്

ഇതുവഴി ഞാൻ എൻ്റെ
കൂട്ടുകാരികളോട് മിണ്ടി
നടന്നതിന്, നീയിന്നും
പിണങ്ങാറുണ്ടെന്ന് പറഞ്ഞ്
ചിരിച്ചു നമ്മൾ.
മഴ പിന്നെയും ആർത്ത്
പെയ്യുന്നു, ഈ വഴിയിലിന്ന്
നമ്മൾ മാത്രം.
കൈയ്യ് ചേർത്തു പിടിക്ക,
മഴയിലാകെ നനഞ്ഞ്
നടന്ന് തുടങ്ങാം നമുക്കിനി.

നമ്മൾ

3 എഴുത്തുകൾ

വൃക്ഷമാകുക

നമ്മൾ

കാട് തേടിയുള്ള
യാത്രകളിൽ നാം
പരസ്‌പരം കണ്ടുമുട്ടുന്നതുവരെ
പാതകൾ
അവസാനിക്കാതെയിരിക്കട്ടെ.
വിജനമായ തെരുവിൽ
നാം കാണുന്ന നിമിഷം
നമ്മൾ ഒന്നുചേർന്നൊരു
ആൽമരങ്ങളാകട്ടെ.
പാതയോരത്ത് തണലായും
കിളികൾക്ക് കൂടായും
തേടിവരുന്നവർക്ക്
ബോധോദയവുമായി
ഞാനും നീയുമിനി
അനന്തകോടി ജന്മം
തളിർത്തു നിൽക്കട്ടെ.
അങ്ങനെ കാട് തേടിയുള്ള
യാത്രകൾക്കവസാനം
നാമൊരു വൃക്ഷമായി
രൂപപ്പെടട്ടെ.

സാൻഡ്‌വിച്ച്

നമ്മൾ

എന്റെയീ സാൻഡ്‌വിച്ചിനെയാണ്
നിങ്ങൾ പൊരിച്ച മുട്ടബ്രെഡെന്ന്
പറഞ്ഞ് കവിതയെഴുതിയത്.
മേശമേൽ കഴിക്കാനിരുന്ന 
അയാളോട് അവൾ പരിഭവം പറഞ്ഞു.
അതിനെ ഒന്ന് പാളിനോക്കിയിട്ട് 
അയാൾ പറഞ്ഞു 
ശരിയാണ്, ഇത് പൊരിച്ച മുട്ടബ്രെഡല്ല.
പിന്നെ! അവൾ സംശയത്തിന്റെ
പുരികമുയർത്തി.
ഒരു ചിരിയോടെ അയാൾ
പറഞ്ഞുതുടങ്ങി,
ഇതിൽ പ്രാണനുറങ്ങുന്ന മുട്ടയുണ്ട്,
നാം കോർത്ത ചുണ്ടുകളുടെ
കടുംചുവപ്പിന്റെ കെച്ചപ്പുണ്ട്. 
നമ്മൾ കടന്നുവന്ന വഴികളുടെ
മുറിപ്പാടുകളെ ഓർമ്മിപ്പിക്കുന്ന ഉപ്പും,
എന്റെയും നിന്റെയും കോപത്തിന്റെ
ചില്ലി ഫ്ലേക്സുമുണ്ട്.
അവളുടെ കണ്ണുകളിൽ
ഭാവങ്ങൾ മിന്നിമറഞ്ഞു.

തുടരും →

സാൻഡ്‌വിച്ച് (തുടർച്ച)

നമ്മൾ

ഇനിയുമെനിക്കറിയാത്ത
നിന്റെയീ പലവിധ ഭാവങ്ങളുടെ
മിക്സഡ് ഹെർബ്സുണ്ട്. 
നമ്മുടെ കൺമണിയുടെ 
കവിളിന്റെ വെണ്ണയും,
ഈ രണ്ട് ബ്രെഡുകളെ ചേർത്ത്
നിർത്തുവാൻ തക്ക കട്ടിക്ക്
സ്നേഹത്തിന്റെ ചീസുമുണ്ടിതിൽ. 
പിന്നെ —
തള്ള് മതി, അവൾ ചിരിച്ചു.
നിങ്ങളിതിനെ പൊരിച്ച മുട്ടബ്രെഡെന്ന്
തന്നെ വിളിച്ചാൽ മതി.

ശനിയാഴ്ചകൾ

നമ്മൾ

ചില ശനിയാഴ്ചകളിൽ
നമുക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ
ചുവന്ന സ്‌പീക്കറിൽ പതിയെ പൊഴിയുന്നുണ്ടാവും.
മനോഹരമായൊരു ആഴ്ചാവസാനം
ഒത്തിരി പണികളുണ്ടെങ്കിലും
ഒന്നും ചെയ്യാതെ ഞാനന്നേരം വെറുതെയിരിക്കും.
പാട്ടെന്നിൽ പടരുമ്പോൾ
ഞാൻ നിന്നിലേക്ക് തിരിയും,
കറുത്ത സൂര്യനെപ്പോലുള്ള
നിന്റെ കണ്ണുകളിലോട്ട് നോക്കി,
ഉലഞ്ഞു കിടക്കുന്ന മുടിയിഴകൾ ഒതുക്കിവെച്ച്,
നിന്റെ ചുണ്ടുകളെ ഞാൻ നനയ്ക്കും.
നനഞ്ഞ ചുണ്ടുകൾക്ക് ചൂട് പകരാനായി
നാം അടുക്കളയിലെതും,
ആവിയുള്ള ഏലയ്ക്കാച്ചായക്കൊപ്പം
അടുക്കളത്തറയിൽ നാമിരുവരും പ്രണയത്തിലാഴും.
ഊറ്റിക്കളഞ്ഞ തേയിലപ്പൊടിപോലെ
തളർന്നു പോയ നമ്മളെയന്നേരം
നിന്റെ ചപ്പാത്തികൾ തിരികെ കൊണ്ടുവരും.
ശേഷം,
നമ്മുടെ കണ്മണിയുറങ്ങുമ്പോൾ
എന്റെയേറ്റവും പ്രിയപ്പെട്ട മേശയ്ക്കരികിലിരുന്ന്
ഞാൻ നമ്മളെക്കുറിച്ചൊരു കവിതയെഴുതും.

മകൾ

4 എഴുത്തുകൾ

നക്ഷത്രവും സൂര്യനും

മകൾ

എൻ്റെ ജീവൻറെ വിത്തുകൾ
നിൻ്റെയുള്ളിൽ സ്വീകരിച്ചതിന്,
അതിന് പ്രാണനും ദേഹവും പകുത്ത്
നൽകിയതിന്,
നന്ദി.
അതിന് വേണ്ടി വിരഹവും വേദനയും
സഹിച്ചതിന്,
ഒടുവിലാ പിഞ്ചുടൽ
പിടഞ്ഞ് പുറത്തു വന്നപ്പോൾ
മാറോടണച്ചതിന്,
നിൻ്റെ ആഴമുള്ള കണ്ണുകൾക്കൊപ്പം
നിന്നെത്തന്നെ ആ തളിരിന് കൊടുത്തതിന്,
സ്നേഹം.
ഇരുട്ടിലാഴ്ന്നുപോകുമായിരുന്ന എനിക്ക്,
നിലാവും നക്ഷത്രവുമായി
നിന്നെ തന്നതിന്,
എൻ്റെ ജീവൻ്റെ വിത്തിൽ നിന്ന്,
നിന്നിൽ നിന്ന്,
സൂര്യകിരണം പോലെയൊരു
മകളെ തന്നതിന്,
ചുംബനം.

മഴ പെയ്യുമ്പോൾ

മകൾ

മഴ പെയ്യുമ്പോൾ വീട്ടു വരാന്തയിൽ
വെറുതെയിരിക്കണം,
ഇടക്കിടെ കുട ചൂടി ഇറങ്ങി നടക്കണം.
മഴ തോരുമ്പോൾ ചെടിയെല്ലാം നോക്കണം,
പിന്നെ കുഞ്ഞിനെ എടുത്തോണ്ട് നടക്കാൻ
പോകണം.
മഴയിൽ കുതിർന്ന് നിൽക്കുന്ന വഴികൾ
അവളെ കാണിക്കണം.
പൊടി പിടിച്ച് നിറം മങ്ങിയ ടാറിട്ട റോഡ്
വീണ്ടും കറുത്തത് അവൾ ശ്രദ്ധിക്കുമോ എന്തോ!
ആ വഴി വീണ്ടും നടക്കണം മുന്നോട്ട്,
മഴയത്ത് വീണയിലകൾ അവൾക്ക്
പെറുക്കി കൊടുക്കണം.
എല്ലാ ചെറിയ കാര്യങ്ങളും അവളുടെ കണ്ണിൽ
കൗതുകങ്ങൾ വിരിയിക്കും.
വഴിയിലെ ചെളിവെള്ളം കാൽകൊണ്ട് തട്ടി
തെറിപ്പിക്കുമ്പോൾ അവൾ ചിരിക്കുമാരിക്കും.
അപ്പോൾ ആരേലും അയലത്ത് നിന്ന്
പറയുമാരിക്കും.
“കൊച്ചിനെ പനി പിടിപ്പിക്കാതെ
വീട്ടിൽ കൊണ്ട് പോകാൻ.”

തുടരും →

മഴ പെയ്യുമ്പോൾ (തുടർച്ച)

മകൾ

ചിരി മാത്രമായിരിക്കും എൻ്റെ മറുപടി.
വീണ്ടും പൊടുന്നനേ മഴ മുഴങ്ങുമ്പോൾ
അവളെയും കൊണ്ട് വീട്ടിലേക്ക് ഓടണം.
മഴ പിന്നെയും കനക്കുമ്പോൾ
അവളെ നെഞ്ചിലുറക്കി
വരാന്തയിൽ വെറുതെയിരിക്കണം.

നിലാപുഞ്ചിരി

മകൾ

തന്നെ കൊണ്ടുപോകാൻ
വന്ന കാലന്റെ കഴുത്തിൽ
കയറിട്ട് മുറുക്കുമ്പോൾ
അയാളുടെ കണ്ണുകൾ
ശാന്തമായിരുന്നു.
സകല മായവുമറിയുന്ന
കാലന്റെ പ്രാണൻ
പിടഞ്ഞന്നേരം.
തന്നെക്കുരുക്കുവാൻ തക്കകരുത്ത്
അയാൾക്കെവിടുന്ന് കിട്ടിയെന്നോർത്ത്
കാലനൊരുനിമിഷം നിശ്ചലനായി.
സ്വയം വീണ്ടെടുത്ത കാലൻ
നൊടിനേരം കൊണ്ട്
അയാളുടെ കണ്ണുകളുടെ
ആഴങ്ങളിലേക്ക് കടന്ന് ചെന്നു.
അയാളുടെ കടലാഴങ്ങളിൽ
അന്നേരം കാലൻ കണ്ടത്
നിലാവ് പോലുള്ളൊരു
പുഞ്ചിരിയാണ്.
അയാളുടെ മകൾ,
അവളുടെ പുഞ്ചിരി.

തുടരും →

നിലാപുഞ്ചിരി (തുടർച്ച)

മകൾ

അത് കാണുവാൻ തനിക്കിനിയും
കഴിയാതെ വരുമെന്ന്
തോന്നിയാൽ പ്രപഞ്ചത്തിലുള്ള
എന്തിനോടുമയാൾ ഒറ്റക്ക്
പടവെട്ടും.
ആ തിരിച്ചറിവ്
കാലന്റെ ചുണ്ടിലൊരു
ചെറുപുഞ്ചിരി വിരിയിച്ചു.
അയാളുടെ കുരുക്കിൽനിന്ന്
കാലൻ മന്ത്രവിദ്യയാൽ
മായുമ്പോൾ,
അയാളെ കാത്ത്
പ്രതീക്ഷയുടെ നിലാപുഞ്ചിരി
ആ കണ്ണുകളിൽ
പൂത്ത് നിന്നു.

കാറ്റ്

മകൾ

കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
കൂടെയാരുമില്ലെന്ന് തോന്നിയാൽ
ഓർക്കുക,
കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.

എഴുത്തുകാരെനെക്കുറിച്ച്

ഞാൻ ബിനോ കൊച്ചുമോൾ വർഗ്ഗീസ്.

ഇനി ഏറെ ദൂരം പോകാനുണ്ടെന്ന് സദാമന്ത്രിക്കുന്ന മനസ്സുമായി എന്നെത്തന്നെ തിരയുന്ന യാത്രികൻ. ഈ വഴിയാത്രയിൽ പകർന്ന് കിട്ടിയ അനുഭവങ്ങളും ആശയങ്ങളും ഇവിടെ ഞാൻ പങ്ക് വെയ്ക്കുന്നു.

ഇതിലൂടെ ഇനി നിന്നിൽ ഒരു മരപ്പെയ്ത്ത് ആകട്ടേ ഞാൻ, മഴ തോരുമ്പോളും നിറഞ്ഞുപെയ്യുന്ന മരങ്ങളെപോലെ.

യാത്ര തുടരട്ടെ, ഞാൻ ആരാണെന്ന് ഇനിയും അറിയാനുണ്ട്.